കിട്ടു ഓടുകയാണ്...മന്ദാകിനി പ്പുഴയിലെത്താന് അവന്റെ കാലുകള്‍ ദ്രുതഗതിയില്‍ ചലിച്ചു..മുള്‍പ്പടര്‍പ്പുകളില്‍ തട്ടി കാലില്‍ ചോര പൊടിഞ്ഞതോന്നും വകവയ്ക്കാതെ അടുത്തു കണ്ട ചുള്ളിപ്പടര്‍പ്പുകള്‍ ചാടിക്കടന്നു കൊണ്ട് അവന് ഓട്ടം തുടര്‍ന്നു...മന്ദാകിനിപ്പുഴയില്‍ നിന്നും ചാടിത്തിമിര്‍ത്തു കുളിക്കുന്ന കൂട്ടുകാരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം.അവന് ഓട്ടത്തിന് വേഗത കൂട്ടി..ഓടിക്കിതച്ചു വരുന്ന അവന്റെ വരവ് കണ്ടു കൂട്ടുകാരില്‍ ഒരുവന് വിളിച്ചുകൂവി..
' വേഗം വാടാ..നേരമെത്രയായി..
വെട്ടി വിഴുങ്ങാന്‍ കുറെ സമയമെടുത്തിട്ടുണ്ടാവും..അതാ വൈകിയേ...മറ്റൊരുവന് ...കിട്ടുവിന്റെ സംഘത്തില്‍ അഞ്ചാറു പേരുണ്ടാവും കിട്ടുവാണ് അവരുടെ നേതാവ്.അവന്റെ വരവ് വൈകിയതിനാലാവാം കൂട്ടുകാര്‍ കളി തുടങ്ങാതിരുന്നത്..പുഴയുടെ തൊട്ടടുത്തെത്തിയ കിട്ടു,കൂട്ടുകാരെയും മറികടന്നു പുഴയിലേക്ക് കുതിച്ചു..പിന്നെയവന് കുറച്ചു ദൂരെയാണ് പൊങ്ങിയത്..
' വാ തുടങ്ങാം..' അവന് വീണ്ടും മുങ്ങാം കുഴിയിട്ടു...
മുങ്ങാം കുഴിയിട്ടു നീന്തി ജയിക്കാന്‍ കിട്ടുവിനോളം പോന്ന ആരും തന്നെ മന്ദാകിനിപുരം ഗ്രാമത്തിലില്ല..വളരെ ചെറുപ്പത്തില്‍ തന്നെ മന്ദാകിനി പ്പുഴയുടെ കൂട്ടുകാരനായിരുന്നു കിട്ടു.അതുകൊണ്ട് തന്നെ പുഴയിലെ ഓരോ മുക്കും മൂലയും അവനു സുപരിചിതമായിരുന്നു...അവന്റെ ഇഷ്ട്ടപ്പെട്ട വിനോദമായിരുന്നു മന്ദാകിനിപ്പുഴയിലെ ഇളം ചൂട് വെള്ളത്തില്‍ നീന്തിത്തിമിര്‍ത്തു കുളിക്കുക എന്നത്.മറ്റേതു പുഴയില്‍ നിന്നും മന്ദാകിനിപ്പുഴയ്ക്ക് വിത്യസ്തമായ ഒരു കഥ പറയാനുണ്ട് ..ദേവസുന്ദരിയും കുയില്‍ നാദം പോലെ മധുര ശബ്ദത്തിന്റെ ഉടമയുമായ മന്ദാകിനിയുടെ കഥ....
മന്ദാകിനിയുടെ പാട്ടിന്റെ സൗന്ദര്യത്തെക്കുറിച്ച് മുത്തശ്ശി എന്നും പറയാറുള്ള കഥ കിട്ടു പലപ്പോഴും ഓര്‍ക്കും..ഒടുവില്‍ ഒരുനാള്‍ പുഴയില്‍ അവളുടെ ജഡം ഒഴുകി നടന്നു..കൊന്നതാണെന്നും മറ്റും പലരും പിറുപിറുത്തു എങ്കിലും അതോടെ മന്ദാകിനിപ്പുഴയ്ക്ക് ആ പേര് വീണു..
മന്ദാകിനിപ്പുഴയുടെ സംഗീതം വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന മന്ദാകിനി പാടുന്നതാനെന്നു മുത്തശ്ശി പറയാറുണ്ട് ..ഈ പുഴയില്‍ മന്ദാകിനിയുടെ ആത്മാവുണ്ട് അവള്‍ക്കു കുട്ടികളെ വലിയ ഇഷ്ട്ടമാണ് പോലും!!
കിട്ടു നീന്തി വളരെ ദൂരെഎത്തിയിരുന്നു..കൂട്ടുകാര്‍ക്കൊന്നും അവന്റെ ഏഴയലത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ല..പെട്ടെന്നാണ് അവന് അത് കണ്ടത് ..പുഴയില്‍ വലിയോരോളം ഉയര്‍ന്നു!!ജലം നാലുപാടും ചിതറിത്തെറിച്ചു..കിട്ടുവിന്റെ മനസ്സില്‍ ഭയം ചേക്കേറി..'ഭഗവാനെ എന്തായിത്...'അവന്റെ തൊട്ടു മുന്നില്‍ ഒരു മനുഷ്യ രൂപം ഉയര്‍ന്നു...
കഴുത്തോളം മുടി ഉണ്ടെങ്കിലും പുരുഷനാണെന്നു പെട്ടെന്നവന് തിരിച്ചറിഞ്ഞു..ഭയം കൊണ്ട് മിണ്ടാന്‍ പറ്റുന്നില്ല...വളരെ പെട്ടെന്ന് ആ രൂപം മുങ്ങാം കുഴിയിട്ടു മറഞ്ഞു....
കിട്ടുവിന്റെ മനസ്സ് ഭയചകിതമായി...കൂട്ടുകാരെ വിവരംഅറിയിച്ചാലോ?താനിന്നു വരെ മന്ദാകിനിപുരത്തു കണ്ടിട്ടില്ലാത്ത ഒരു രൂപം!!
കിട്ടു മുങ്ങാം കുഴിയിട്ട് ആ രൂപത്തെ അന്വേഷിച്ചു നീന്താന്‍ തുടങ്ങി.വളരെ സമയത്തോളം അവനു വെള്ളത്തില്‍ ശ്വാസം പിടിച്ചു നീന്താനുള്ള കഴിവുണ്ട്.എങ്കിലും ആ രൂപത്തെ അവിടെയെങ്ങും കാണാന്‍ പറ്റിയില്ല.ഇത്ര പെട്ടെന്ന് അത് എവിടെപ്പോയി? കിട്ടു നിവര്‍ന്നു. കൂട്ടുകാര്‍ നീന്തി വരുന്നുണ്ട് .
സജീ.. സുനില്‍ വേഗം കരയിലേക്ക് നീന്തു..പെട്ടെന്ന്.. അവന് വിളിച്ചു കൂവി..
എന്താടാ നീ കയറുകയാണോ?..."അതല്ല..പ്രേതം..പ്രേതം.."അവന്റെ മുഖം ഭയന്ന് വിളറിയിരുന്നു..
"പ്രേതമോ? വെള്ളത്തിലെന്തു പ്രേതം?ഇവന് പ്രാന്താ.."
"വേഗം വാടാ..."കിട്ടു കരയെ ലക്ഷിയമാക്കി നീന്തിത്തുടങ്ങി.. കൂട്ടുകാര്‍ പിന്നാലെയും.. അവര്‍ വളരെ പെട്ടെന്ന് കരയ്ക്ക് കയറി.കിട്ടുവിനു നന്നേ കിതക്കുന്നുണ്ടായിരുന്നു..
' എന്താ കാര്യം നീയെന്താ പ്രേതമെന്നു പറഞ്ഞത്?"സോമന് തല തോര്‍ത്തുന്നതിനിടയില്‍ ചോദിച്ചു."ഇവന്റെ തട്ടിപ്പാ നമ്മളെ പേടിപ്പിക്കാന്‍.അല്ലേട.."
"അല്ലടാ.. ഞാന്‍ കണ്ടതാ ...മുടിയും താടിയും നീട്ടി വളര്‍ത്തിയ ഒരു രൂപം.."കിട്ടു കിതയ്ക്കുന്നതിനിടയില്‍ പറഞ്ഞൊപ്പിച്ചു..
"രാമേട്ടന് നേരത്തെ കുളിക്കാന്‍ ഇറങ്ങിയിരുന്നു..നീ കണ്ടത് ചിലപ്പോ രാമേട്ടനെ ആയിരിക്കും.."
"അത് ശരിയാ.." മറ്റുള്ളവര്‍ അത് ശരി വെച്ചു.
' രാമെട്ടനെവിടെയാ താടിയും നീട്ടി വളര്‍ത്തിയ മുടിയുമുള്ളത്..ഇത് രാമെട്ടനോന്നുമല്ല..'കിട്ടു പറഞ്ഞു
"വെള്ളത്തിലായത് കൊണ്ട് നിനക്ക് തോന്നിയതാവും..വാ നമുക്ക് പോകാം.."രാജു പോകാനൊരുങ്ങി..
' അല്ല..അതൊരു മനുഷ്യനാണ് എങ്കില്‍ എവിടെയെങ്കിലും പോങ്ങണ്ടേ?അല്ലെങ്കില്‍ ശ്വാസം മുട്ടി ചത്തു പോവില്ലേ?' കൂട്ടത്തില്‍ ചെറിയവനായ കുഞ്ചു ചോദിച്ചു..അപ്പോഴാനവര് ആ കാര്യം ഓര്‍ത്തത്. 'എടാ..അത് ശരിയാണല്ലോ..നമുക്ക് വേഗം കടവിനടുത്തെക്ക് പോകാം..'
' കിട്ടൂ നീ അവിടെയല്ലേ ജലപിശാചിനെ കണ്ടത്?'.....'ജലപിശാചോന്നുമല്ല അത് മനുഷ്യന് തന്നെയാ..'
അവര്‍ കടവിനടുത്തെക്ക് ഓടി..
' എന്താടാ കുളി നേരത്തെ തന്നെ മതിയാക്കിയോ?' ശബ്ദം കേട്ട് അവര്‍ തിരിഞ്ഞു നോക്കി..രാമേട്ടനാണ്..ഈര്‍ക്കിലി പോലെയുള്ള മനുഷ്യന്.. അരയില്‍ ഒരു തോര്‍ത്തും ചുറ്റിയാണ് അയാളുടെ നില്‍പ്പ്.തണുത്തിട്ടാകണം അയാളുടെ ശരീരം വിറക്കുന്നുണ്ട്.
' രാമേട്ടനോട് സംഗതി ഇപ്പൊ പറയേണ്ട..ആ 'സാധനം' സ്ഥലം വിടുന്നതിനു മുന്‍പേ കടവിലെത്തണം. 'കിട്ടു സ്വകാര്യമായി പറഞ്ഞു..വീണ്ടുമവര്‍ ഓട്ടം ആരംഭിച്ചു.
കടവിനടുത്തു, തോണി കഴുകിക്കൊണ്ടിരിക്കുന്ന അന്ത്രുമാന് മാത്രമേ ഉള്ളൂ..തടിച്ചു മല പോലെയുള്ള രൂപമാണ് അന്ത്രുമാന്.തലയിലൊരു വട്ടക്കെട്ടും!സ്വതവേ ചുവന്ന ഉണ്ടക്കണ്ണുകള്‍ ഉള്ള അന്ത്രുമാനെ കുട്ടികള്‍ക്ക് പേടിയാണ്.അരയിലൊരു ലുങ്കി മാത്രമേ അന്ത്രുമാന് ധരിക്കാറുള്ളൂ..അയാള്‍ കുപ്പായം ധരിക്കുന്നത് വിരളമാണ്.
അന്ത്രുമാന് കടത്ത് പണിയാണ്.പുതുതായി രണ്ടു തോണികള്‍ കൂടി കടവിലെത്തിയിട്ടുണ്ട്.അതുകാരണം അയാള്‍ക്ക് കുറച്ചു നാളായി സകലരോടും ദേഷ്യമാണ്....ദേഷ്യം വന്നാല്‍ അന്ത്രുമാന്റെ സ്വതവേ ചുവന്ന കണ്ണുകള്‍ ഒന്നുകൂടി ചുവക്കും.
ദൂരെ നിന്നും തോണിയുടെ പുരത്തടിക്കുന്ന ടാക് ടാക് ശബ്ദം കേള്‍ക്കാം.മധുവിന്റെ തോണിയാണ്.സോമന്റെ ചേട്ടനാണ് മധു.അയാള്‍ വലയിട്ടു, മീന്‍ വീഴാന്‍ വേണ്ടി ശബ്ദമുണ്ടാക്കുകയാണ്.
"യ്യ് ന്തെട ബടെ എല്ലാരും കൂടി..ഇബ്ടെയും കലക്കാന പരിപാടി?കടവീന്നു കുളിക്കരുതെന്നു നെന്നോടെക്കെ നൂറോട്ടം പറയണാ..."അന്ത്രുമാന്റെ ഗര്‍ജ്ജനം..
"കുളിക്കാനല്ല ഇക്ക..."കിട്ടു ശബ്ദിച്ചു..
അന്ത്രുമാനോട് സംസാരിക്കാന്‍ അവനെ ഇത്തിരി ധ്യര്യമുള്ളൂ.അവന്റെ കണ്ണുകള്‍ മന്ദാകിനിപ്പുഴയുടെ മുക്കും മൂലയും തിരയുകയായിരുന്നു.....
കാണുന്നില്ലല്ലോ... അവന് കൂട്ടുകാരുടെ നേര്‍ക്ക് നോക്കി..അവരുടെയും നോട്ടം പുഴയില്‍ തന്നെ ആയിരുന്നു...
' നീ കണ്ടത് നേര് തന്നെ ആണോടാ?'..രാജുവിന് വിശ്വാസം വന്നില്ലെന്ന് തോന്നി..
കാളീഭഗവതിയാണെ.. സത്യം.. ഞാന്‍ കണ്ടതാ..
' കണ്ടാല്‍ ആരെപ്പോലിരിക്കും..?തടിച്ചിട്ടാണോ..മെലിഞ്ഞിട്ടാണോ?'കൂട്ടുകാരില്‍ തടിച്ചു ഉണ്ട എന്ന ഓമനപ്പേരുള്ള രമേശ് ചോദിച്ചു..
'' നിന്റെ അത്രേം തടിയില്ല.." കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.
അത്രയും നേരം ഒരു കൊച്ചു കുട്ടിയുടെ നിഷ്ക്കളങ്ക മുഖം പോലെ കാണപ്പെട്ട ആകാശത്തിനു രൂപമാറ്റം സംഭവിച്ചു .മൂന്നു നാല് ദിവസമായി പെയ്യാന്‍ മറന്ന മഴ വീണ്ടും ആകാശത്തു ഒരുക്കങ്ങള്‍ തുടങ്ങി!
മന്ദാകിനിപ്പുഴയില്‍ അങ്ങോളമിങ്ങോളം പരന്ന വെയില് എവിടെയോ പോയൊളിച്ചു.
രാമേട്ടന് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് വേഗത്തിലുള്ള നടത്തം ആരംഭിച്ചു.അയാളുടെ പല്ലുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേള്‍ക്കാം.
"നമുക്ക് പോകാം"രാജു ധൃതി കൂട്ടി.
ക്ഷമയില്ലാത്ത കൂട്ടത്തിലാണ് രാജു.അതുകൊണ്ടാണ് അവനു ആംബുലന്‍സ് എന്നാ പേര് വീണത്.അത് ചുരുങ്ങി ആമ്പി എന്നായ് മാറി.
പൊടുന്നനെ മഴ ആരംഭിച്ചു കഴുകി വെച്ച തോണി അന്ത്രുമാന് കമഴ്ത്തി വെച്ച്,അതിനു മുകളില്‍ രണ്ടു മൂന്നു തെങ്ങോലകളും വാരി വച്ച് അയാളും ഓട്ടം തുടങ്ങി.കിട്ടുവും സംഘവും ഇതിനകം ഓടിക്കഴിഞ്ഞിരുന്നു...
"തണുപ്പത്ത് ആ വെള്ളത്തിലുണ്ടായ ആള് ചത്തു പോവില്ലേ? "കുഞ്ചുവിനു സംശയം. കിട്ടുവും അത് ഓര്‍ക്കാതിരുന്നില്ല.ആ മനുഷ്യന് എവിടെപ്പോയി ആവോ?
തിമിര്‍ത്തു പെയ്ത മഴ അല്‍പ്പമൊന്നു ശമിച്ചു.മഴയെ കിട്ടുവിനിഷ്ട്ടമല്ല .എന്നും ഓടിചാടിക്കളിക്കാന് അവനു വേനല്ക്കാലംവേണം.മഴ കുറഞ്ഞെന്നു കണ്ടപ്പോള്‍ അവന് മുറ്റത്തേക്കിറങ്ങി അവിടമാകെ വെള്ളം തളം കെട്ടി കിടക്കുന്നു.താനിന്നലെ മണ്ണ് കൊണ്ടുണ്ടാക്കിയ വീട് മഴയത്ത് കുതിര്‍ന്നു നിലം പതിച്ചിരിക്കുന്നു.ശക്തിയായ ഒരു കാറ്റ് മുറ്റത്തെ പുളിയന്‍ മാവിന്റെ കീഴില്‍ വീണ്ടുമൊരു മഴ പെയ്യിച്ചു
അവന് മുറ്റവും കടന്നു നടന്നു തുടങ്ങി.ജോലിയും കഴിഞ്ഞു അച്ഛന് വരുന്നുണ്ട്.മഴയത്ത് തന്നെ കണ്ടാല്‍ വഴക്ക് ഉറപ്പാണ്.അവന് പിന്തിരിഞ്ഞു മുറ്റത്തെത്തി.ചളി വെള്ളം കാലുകൊണ്ട് അടിച്ചു തെറുപ്പിച്ച് വീടിനകത്തേക്ക് കയറിപ്പോയി.
"കാലു പുറത്തൂന്നു തുടച്ചിട്ടു വേണ്ടെടാ അകത്തോട്ടു കയറാന്‍ ഈ ചെക്കനോടിത് എത്ര പ്രാവശ്യം പറയണം "മുത്തശ്ശിയാണ് ..ഭയങ്കര ശുചിത്വമാണ്..കിട്ടു ഓര്‍ത്തു.വായിലുള്ള കോളാമ്പി മുറ്റത്തേക്കു തുപ്പിയാല്‍ പകുതിയും ഇറയത്തെക്കു വീണു എന്ന് വരാം ആ ആളാണ്..
എങ്കിലും അവനു മുത്തശ്ശിയെ ഭയങ്കര ഇഷ്ട്ടമാണ്.മുത്തശ്ശിക്കും കിട്ടു കഴിഞ്ഞാലെ ബാക്കിയെല്ലാവരോടും സ്നേഹമുള്ളൂ.പക്ഷെ മുത്തശ്ശിക്ക് കണ്ണെടുത്താല്‍ കണ്ടു കൂടാത്ത ഒരാളെ വീട്ടിലുള്ളൂ..അത് മറ്റാരുമല്ല..മുത്തശ്ശിയുടെ സ്വന്തം മകള്‍ തന്നെ..അതായതു അമ്മമ്മ..കിട്ടുവിന്റെ മനസ്സില്‍ വീണ്ടും ആ കടല്‍ മനുഷ്യന്റെ രൂപം തെളിഞ്ഞു വന്നു.ആരാണ് താന്‍ പറഞ്ഞാല്‍ വിശ്വസിക്കുക.അയാളുടെ രൂപം വരച്ചാലോ? അവന് ആലോചിച്ചു.നീണ്ട് കഴുത്തോള മെത്തുന്ന മുടി. നീണ്ട മീശയും താടിയും. കണ്ണുകള്‍ അത് പൂച്ചക്കണ്ണല്ലേ എന്ന് സംശയം.തല മാത്രമേ കാണാന്‍ പറ്റിയുള്ളൂ..അവന് പെനസിലും കടലാസ് ഷീറ്റുമെടുത്തു ചിത്ര രചന ആരംഭിച്ചു.കിട്ടു ചിത്രം വരയ്ക്കാന്‍ മിടുക്കനാണ്..അവന്റെ നല്ല ചിത്രങ്ങള്‍ വീടിന്റെ മുന്‍വശത്തെ ചുമരുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.കിട്ടുവിനു ആകെയുള്ളത് ഒരു ചേട്ടനാണ് ബാബു. അയാള്‍ നന്നായി പാടും.പത്താം തരാം തോറ്റതില്‍ പിന്നെ ഒരു നല്ല ജോലിക്ക് വേണ്ടി അന്വേഷണംആരംഭിച്ചതാണ്.ഇതുവരെ ഒന്നും ശരിയായിട്ടില്ല.പത്താം തരംതോറ്റവന് എന്ത് ജോലി കിട്ടാന്‍!
ചിമ്മിനിക്കൂടിന്റെ വെളിച്ചത്തില്‍ ചിത്രം പൂര്‍ത്തിയാക്കി.നന്നായിട്ടുണ്ടെന്ന് അവനു തന്നെ തോന്നി.കടലാസും പെനസിലും തന്റെ പുസ്തകപ്പെട്ടിയില്‍ വെച്ച് കിട്ടു പുസ്തകമെടുത്തു വായന തുടങ്ങി.
മുറ്റത്തു വെയില് പരന്നു.കിട്ടു തന്റെ കവണയുമെടുത്തുകൊണ്ട് നടന്നു.പുഴയുടെ രണ്ട് വളപ്പുകള്ക്കപ്പുറമാണ് അവന്റെ വീട്.വീടിനു മുന്നിലുള്ള വളപ്പില്‍ ആള്‍പ്പാര്‍പ്പില്ല.ആ ഭാഗമാകെ കാടും പടലും പിടിച്ചു കിടന്നിരുന്നു.അതിന്റെ മധ്യത്തിലൂടെയുള്ള വഴിയിലൂടെ മാത്രമാണ് ആള് സഞ്ചാരമുണ്ടായിരുന്നത്.ഒഴിഞ്ഞ വീടിനുള്ളില്‍ പലപ്പോഴും മുക്കലും മുരള്‍ച്ചയും കേള്‍ക്കാറുണ്ട്.പ്രേതബാധയുള്ള വീടാണെന്നും മറ്റും മുത്തശ്ശി പറയാറുണ്ടെങ്കിലും ആ ശബ്ദം വല്ല വവ്വാലോ മറ്റു ജന്തുക്കളുടെയോ ആയിരിക്കുമെന്നാണ് കിട്ടുവിന്റെ അച്ഛന് പറയുന്നത്.മാത്രമല്ല രാത്രിയായാല്‍ ആ വീട് കുറുക്കന്മാരുടെ സങ്കേതവുമായിരുന്നു.എന്നാല്‍ അവന് ആ ഭാഗമൊന്നും ശ്രദ്ധിക്കാനേ പോയിരുന്നില്ല.കാരണം അച്ഛന് എന്നും വിലക്കിയിരുന്നു.ഇഴ ജന്തുക്കളും മറ്റും കൂടുതലുള്ള സ്ഥലമായതുകൊണ്ടാണിത്.
ആ വളപ്പിന്റെ ഒരു ഭാഗത്തായി വലിയൊരു പൊട്ടക്കിണറും ഉണ്ടായിരുന്നു.അതിനു തൊട്ടപ്പുറമുള്ള വളപ്പ് പള്ളിവകയാണ്. ആ പ്രദേശം തെങ്ങുകളാല്‍ നിറഞ്ഞിരുന്നു.അവിടെ വീട് കെട്ടാന്‍ വേണ്ടി ഒരു തറ നിര്‍മ്മിച്ചിരുന്നു.അതാണെങ്കില്‍ മുള്പ്പടര്പ്പുകള് പടര്‍ന്നു കയറിയുമിരിക്കുന്നു.തെങ്ങിന് തൈകള്‍ നടുവാന്‍ വേണ്ടി ഇഷ്ടടം പോലെ കുഴികള്‍ കുഴിച്ച പ്രദേശമായിരുന്നു പള്ളിവക വളപ്പ്.അവിടെ തേങ്ങ പറിക്കുവാന്‍ ആള്‍ക്കാരെത്തും അതൊഴിച്ചാല്‍ കിട്ടുവിന്റെ യും സംഘത്തിന്റെ യും താവളമാണാ സ്ഥലം.
അവന് തന്റെ വളപ്പിലുള്ള ഏറ്റവും ഉയരം കൂടിയ മരത്തിന്മേല് കയറി.വീടിന്റെ പിന്നാമ്പുറത്താണ് ആ മരം സ്ഥിതി ചെയ്യുന്നത്.കീശയില്‍ നിന്നും കല്ലിന് കഷണങ്ങള്‍ പെറുക്കി ചവണയിലാക്കി എയ്തു തുടങ്ങുമ്പോഴാണ് അത് അവന്റെ ശ്രദ്ധയില്‍ പെട്ടത്...പുഴയുടെ മദ്ദ്യ ഭാഗത്ത് , മുന്‍പ് പൂര്‍ത്തീകരിക്കാതെ പോയ പാലത്തിന്റെ ഉയര്‍ന്ന ഒരു സ്ലാബ്ബിന്മേല് കയറിയിരിക്കുന്ന ഒരു രൂപം!!!താടിയും മുടിയുമുണ്ട് !!ഈശ്വരാ.. കടല്‍ മനുഷ്യന്!!!
അവന് പുഴയുടെ എല്ലാ ഭാഗവും നോക്കി..ആരുമില്ല...
ആ മാവിന്മേല് കയറിയാല്‍ മന്ദാകിനി പ്പുഴയുടെ സൗന്ദര്യം ശരിക്കുമാസ്വദിക്കാം.. ഏതോ ഒരു നിശ്ചല ചിത്രമാണെന്ന് തോന്നും...പുഴ ശാന്തമായ് ഒഴുകുകയാണ്..........
(തുടരും)